കൊഴിഞ്ഞു പോകലാണ് അറിവ്

കൊഴിഞ്ഞു പോകലാണ് അറിവ്…

ചെന്നു ചേരലാണ് അറിവെന്ന് നിങ്ങൾ തെറ്റിദ്ധിരിച്ചിരിയ്ക്കുന്നു.
ചേരുന്നത് അറിവല്ല, ബന്ധമാണ്. അജ്ഞാനമാണ്.

കൊഴിയുമ്പോൾ ദുഃഖവും വേദനയും കൊഴിയുന്നിടത്ത്…
നിങ്ങൾക്ക് പുതിയ വിശ്വവും സംഭവിയ്ക്കുന്നുവെങ്കിൽ…
അചിരേണ ജന്മങ്ങൾ നിങ്ങളെ കാത്തിരിയ്ക്കുന്നു.
കൊഴിയാനറിയുന്നവൻ അറിയുന്നവനാണ്.

ഏതൊരു അമ്മയ്ക്കാണ് മകൻ വിവാഹം കഴിച്ച് ഭാര്യവരുമ്പോൾ
അവന്റെ ഉത്തരദായിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിന്ന് കാണാൻ കഴിയുന്നത്?
അവൾ അമ്മയാണ്.
യാതൊരുവൾക്കാണോ മകന്റെ ഭാര്യവരുമ്പോൾ കൊഴിയാനറിയാത്തത്,
അവൾ മകന്റെ ഭാര്യയായി ജനിക്കേണ്ടി വരും.
അത് ദുരന്തമാണ്.
കാരണം അവളിലെ ഭാര്യയാണ് മകന്റെ ഭാര്യയോട് മത്സരിയ്ക്കുന്നത്… അമ്മയല്ല…

അതുകൊണ്ട് ചെറുപ്പത്തിലേ പഠിക്കേണ്ടത് കൊഴിയാനാണ്…
ചേരാൻ പഠിച്ചിട്ട് ഒരു കാര്യവുമില്ല…
ചേർന്നതൊക്കെ ബന്ധമാണ്…
അതുകൊണ്ട് എവിടെ ചെന്നാലും ചേരാൻ പഠിച്ചാൽ, ചേർച്ചയുടെ ലോകങ്ങളിൽ നിന്ന് കൊഴിയുമ്പോൾ അതീവദുഃഖമാണ് ഉണ്ടാകുന്നത്.

ചിലർ, കൊഴിയുമ്പോഴാണ് സ്വതന്ത്രരാകുന്നത്…
‘ഓ… സമാധാനമായി…
എന്നെക്കാൾ കൊള്ളാവുന്നവനെ ഇതൊക്കെ ഏൽപ്പിച്ചു..
അവൻ നോക്കിക്കൊള്ളും.’
അപ്പോൾ, സമാധാനത്തോടെ എല്ലാം ഏൽപ്പിക്കും.

അപ്പുറത്ത് എല്ലാം ഏൽപ്പിയ്ക്കുകയില്ല.
കുറേ സാധനം ഏൽപ്പിക്കാതെ കിടക്കും.
വീണ്ടും വിളിക്കണം.
‘ഞാൻ കൊടുക്കുകയില്ല കുറേ എന്റെ കൈയ്യിലുണ്ട്.’
ഇനിയിവൻ പട്ടിയായോ പൂച്ചയായോ പാമ്പായോ ആ മാളത്തിലൊക്കെ ജനിച്ച് ജനിച്ച് എത്ര നീചയോനികളിൽ ജനനവും മരണവുമുണ്ടാകണം!

തന്റെ ഉത്തരദായിത്വം
പ്രകൃതിയോ അന്യരോ ഏറ്റെടുക്കാൻ തയ്യാറായി വരുമ്പോഴെല്ലാം,
കൈകൾ വിടർത്തി സകലതും ഏൽപ്പിച്ച്,
‘ഞാൻ സ്വതന്ത്രനായിരിക്കുന്നു’ എന്ന്
സ്വന്തം മനസാക്ഷിയോട് പറയാറാകുമ്പോഴാണ്
ഗൃഹസ്ഥനായാലും ബ്രഹ്മചാരിയായാലും
വാനപ്രസ്ഥനായാലും സന്യാസിയായാലും
വിടുതൽ നേടുന്നത്…

ആ വിടുതലിൽ വച്ചാണ് ഗ്രന്ഥികൾ പൊട്ടുന്നത്.
അല്ലെങ്കിൽ അവ രോഗങ്ങളും, ദുഖങ്ങളും, അവയുടെ പരമ്പരകളും ഉതിർത്ത് നീങ്ങും…

About Anthavasi

The Indweller
This entry was posted in അറിവ് and tagged , , , . Bookmark the permalink.

Leave a comment