… തസ്യൈ ജനന്യൈ നമഃ

പ്രാചീനന്‍ അന്നത്തെ കണ്ടത് സപ്താന്നസര്‍ഗ്ഗങ്ങളിലാണ്. ശബ്ദവും സ്പര്‍ശവും രൂപവും രസവും ഗന്ധവും അന്നമാണ്.

അഞ്ചു വര്‍ഷത്തെ അമ്മയുടെ സ്പര്‍ശനത്തെക്കാള്‍ വിലയേറിയ മറ്റൊരന്നവും ഒരു കുഞ്ഞിന് ഈ ലോകത്ത് കിട്ടില്ല. അഞ്ചു വര്‍ഷം മാതൃസ്പര്‍ശം കിട്ടിയിട്ടില്ലെങ്കില്‍ ഏത് അന്നം കഴിച്ചാലും അവനു പൂര്‍ണ്ണ ആരോഗ്യം ലഭിക്കില്ല.

പെറ്റിട്ട ശേഷം സമ്പാദിക്കാന്‍ വിദേശത്തു പോയി, ആ സമ്പാദ്യം കൊണ്ട് കുഞ്ഞിന്റെ ആരോഗ്യം പുലര്‍ത്താന്‍ ബ്രെഡും ബണ്ണും കേക്കും ബിസ്കറ്റും റസ്ക്കും നൂഡില്‍സും കൊക്കോകോളയും തമ്പ്സപ്പും പെപ്സിയും മിരിന്‍ഡയും ലേയ്സും ബര്‍ഗറും എത്തിച്ചു കൊടുക്കുന്ന അമ്മമാര്‍ എത്രയാണ് ഇന്ന് ഉള്ളത്?

ഒരു സ്പര്‍ശം കൊണ്ട്… മാതൃസ്പര്‍ശത്തിന്റെ അകപ്പോരുളുകള്‍ കോശകോശാന്തരങ്ങളെ സജീവമായി കൊണ്ടുപോകുമ്പോള്‍, ചാന്ദ്രമാസത്തിന്റെ പത്തു മാസങ്ങള്‍, രണ്ടു ഹൃദയങ്ങളെ പരിപാലിച്ച മാതാവിന്റെ ആന്തരവിഭൂതിയില്‍ ജീവിച്ചതിന്റെ ആത്മഭാവങ്ങള്‍ തൊട്ടറിയുന്നത് അദ്വൈതബ്രഹ്മചാരിയായ ശങ്കരന്റെ വാചാമഗോചരമായ സ്വാനുഭൂതിയില്‍ നിന്നാണ്.

“ആസ്തം താവദിയം പ്രസൂതിസമയേ ദുർവാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സംവത്സരീ
ഏകസ്യാപി ന ഗർഭഭാരഭരണക്ലേശസ്യ യസ്യാക്ഷമഃ
ദാതും നിഷ്കൃതിമുന്നതോഽപി തനയസ്തസ്യൈ ജനന്യൈ നമഃ”

മമ്മിയും ഡാഡിയും കളിച്ചു നീങ്ങുന്ന ഒരു സംസ്കൃതിക്ക് മാതൃസ്പര്‍ശനത്തിന്റെ വാചാമഗോചരവിഭൂതികള്‍ ഇനി സ്വായത്തമാക്കാന്‍ കഴിയുമോ? ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ?

“അമ്മേ, പ്രസവസമയത്ത് അവിടുന്ന് അനുഭവിച്ച ശൂലം കൊണ്ടു കൊളുത്തിപ്പിടിക്കും പോലുള്ള വേദന… അതിരിക്കട്ടെ”, അങ്ങനെയൊരു വേദന ഇന്ന് അധികമാരും അറിയുന്നില്ല. അനസ്തേഷ്യയുടെ ആമ്പ്യൂളുകള്‍ ഇഷ്ടം പോലെയുള്ളപ്പോള്‍ എന്തു വേദന! ജീവച്ഛവമായി, ചേതനയറ്റു കിടക്കുന്നതില്‍ നിന്ന് ചേതനയെ വേര്‍തിരിച്ചെടുക്കുമ്പോള്‍ മാതാവിന്റെ ചേതനയറ്റ കോശങ്ങള്‍ക്ക് കുഞ്ഞിന്റെ ചേതനയുള്ള കോശങ്ങളുമായി എന്തു വിഭൂതികള്‍ ഉണ്ടാകും അതിന്റെ ഭാവസാന്ദ്രതയില്‍?

സ്ത്രൈണയാഥാര്‍ഥ്യങ്ങളുടെ മാസ്മരചേതനയെ സന്ന്യാസത്തിനു പോലും അപ്പുറത്തേക്ക് വലിച്ചടുപ്പിക്കുന്ന സംത്യാഗത്തിന്റെ സമുജ്ജ്വലസപര്യയുടെ സമീചീനലോകങ്ങളിലേക്ക് സ്ത്രീകള്‍ പോകാതിരിക്കുന്നതു കൊണ്ടല്ലേ, സന്ന്യാസാശ്രമങ്ങളില്‍ തലയോളിച്ച് ഒളിക്കാന്‍ ഇന്ന് പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ക്ക് എത്തേണ്ടി വരുന്നത്? മാതൃത്വം മഹനീയമാണെന്ന് കരുതി ജീവിച്ചിരുന്നുവെങ്കില്‍ സ്ത്രീക്ക് സന്ന്യാസത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നുവോ?

ആത്മാവിന്റെ വിഭൂതികള്‍ ഏറ്റുവാങ്ങുന്ന ആത്മയാഥാര്‍ഥ്യത്തിന്റെ അന്തസ്ഥിതചൈതന്യത്തെപ്പുല്‍കുന്ന മൃത്യുവിന്റെ താണ്ഡവത്തിനു പകരം ജനനത്തിന്റെ ലാസ്യമനുഭവിക്കുന്ന ജനനി, ജനയിത്രി, ഭാവനാഗമ്യയായ ഭവാനി, ഭവാരണ്യകുഠാരികയായ അമ്മ, അനുഭൂതിയുടെ അസാദ്ധ്യലോകങ്ങളില്‍ വെച്ച് അവളെ ഒരുവന് അനുഭവിക്കണമെങ്കില്‍ അവനെ നൊന്തു പെറ്റതായിരിക്കണം.

മഹനീയമാതൃത്വത്തെ സ്ത്രൈണസങ്കല്‍പ്പങ്ങളുടെ എല്ലാ വിഭൂതികളിലും കണ്ട് ആസ്വദിക്കുകയും അനുഭവിക്കുകയും അമ്മയല്ലാതെ ഒന്നുമീ പ്രകൃതിയിലില്ല എന്ന് ഒരുവന് തിരിച്ചറിയാനാകണമെങ്കില്‍ അവനെ നൊന്തു പെറ്റതായിരിക്കണം.

ഇനി ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ? ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ?

ആസ്തം താവദിയം പ്രസൂതിസമയേ ദുർവാരശൂലവ്യഥാ…
നൈരുച്യം… ഗര്‍ഭകാലത്തെ രുചിയില്ലായ്മ…
തനുശോഷണം… രണ്ടു ഹൃദയങ്ങളെ പോറ്റിയപ്പോഴത്തെ ശരീരത്തിന്റെ ശോഷിപ്പ്…
മലമയീശയ്യാ ച സംവത്സരീ… മലവും മൂത്രവും കലര്‍ന്ന ശയ്യയിലുള്ള കിടപ്പ്…
അതൊക്കെ ഇരിക്കട്ടെ, അമ്മേ…
ഏകസ്യാപി ന ഗർഭഭാരഭരണക്ലേശസ്യ… ഒന്നു മാത്രം, ആ ഗര്‍ഭഭാരഭരണക്ലേശം… അതിനൊരു പ്രത്യുപകാരം ചെയ്യാമെന്നോര്‍ത്താല്‍പ്പോലും ഇവനാവില്ല, നിഷ്കൃതിയാണിവന്‍…
അതുകൊണ്ട് അമ്മേ, അവിടുത്തെ ഒന്നു നമസ്കരിച്ചോട്ടെ ഞാന്‍… വേറെ എന്താണ് എനിക്ക് ചെയ്യാന്‍ കഴിയുക…

ഒന്നു നല്ലതു പോലെ നമസ്കരിച്ചു നോക്കിക്കേ… കോശങ്ങള്‍ സജീവമാകും. പാപസഞ്ചയങ്ങള്‍ അറ്റുപോകും. മാതൃസ്മൃതിയുടെ മനോഹരവക്ഷസ്സില്‍ നിന്നും, ആ സ്തന്യപാനം നുകര്‍ന്നാല്‍, ആ പീയുഷം സമസ്തരോഗങ്ങളെയും ഉന്മൂലനം ചെയ്യും…

Advertisements

About Anthavasi

The Indweller
This entry was posted in അറിവ്, ആയുര്‍വേദം, മൊഴിമുത്തുകള്‍ and tagged , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s