ആത്മീയതയുടെയും ആധുനികശാസ്ത്രത്തിന്‍റെയും സംഗമം

ആത്മാവ് സത്താണ്, ആത്മാവ് ചിത്താണ്, ആത്മാവ് ആനന്ദമാണ്.

അവ്യാകൃതമായ സച്ചിതാനന്ദം വികാരമായി വ്യാകൃതമായിത്തീര്‍ന്നതാണ് ഈ ദൃശ്യപ്രപഞ്ചം. കാര്യകാരണങ്ങള്‍ ഒന്നാകയാല്‍ ഈ പ്രപഞ്ചം ജ്ഞാനിക്ക് ഈശ്വരന്‍ തന്നെയാണ്. അതുകൊണ്ട് ജ്ഞാനി സച്ചിതാനന്ദത്തിലാണ്. അജ്ഞന്‍ സുഖദുഃഖങ്ങള്‍ മാറിമാറി അനുഭവിക്കുന്നവനാണ്. അപ്പോള്‍ അതിന്‍റെ സ്വരൂപദര്‍ശനം – അതിന്‍റെ ഹേതുദര്‍ശനം, വിശ്വത്തിന്‍റെ ഹേതുസ്വരൂപം, വിശ്വാനുഭവത്തിന്‍റെ ഫലം – മൂന്നും ഏകത്ര ചേരുന്നത് ജ്ഞാനിയിലാണ്. അതുകൊണ്ടാണ് ഗുരുദേവന്‍ പറഞ്ഞത് : “പരമാവധി ബോധമത്രേ”.

ബോധത്തില്‍ നിന്ന് അന്യമായി ഒന്നുമില്ല.

“ഭുവനത്തെയഴിച്ചുനോക്കിയാല്‍
അവശേഷിക്കുമണുക്കളായ് ക്രമാല്‍
അവയും പുനരുറ്റുനോക്കിയാല്‍
അവഭാസിക്കുമഖണ്ഡബോധമായ്”
എന്ന് വിദ്യാനന്ദ തീര്‍ത്ഥപാദര്‍.

ശാങ്കരദര്‍ശനത്തിന്‍റെ മഹിമാവിനെയാണ് അദ്ദേഹം ഈ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നത്. മാക്സ് പ്ലാങ്കും കൂട്ടരുമൊക്കെ സപ്രപഞ്ചപരിഗണനയിലൂടെ കഷ്ടിച്ച് അതിനടുത്തു വരെയൊക്കെ  ഏതാണ്ട് എത്തിയിട്ടുണ്ട് എന്ന് പറയാം. ഭാരതീയര്‍, ഭാരതീയ ആചാര്യന്മാര്‍ എത്തിയത് സപ്രപഞ്ചപരിഗണനയിലൂടെയും നിഷ്പ്രപഞ്ചപരിഗണനയിലൂടെയും ഒരുപോലെയാണ്.
സപ്രപഞ്ചപരിഗണനയിലൂടെ കടന്നുപോയ ആധുനികശാസ്ത്രം – സയന്‍സ് – ഇതിന്‍റെ അടുത്ത്, ക്വാണ്ടത്തില്‍ (Quantum) എത്തി. ഇത് Conciousness ആണ് എന്ന് പറയുന്നിടം വരെ കഷ്ടിച്ച് എത്തി. അതു കണ്ടുകൊണ്ട്‌ അതിനോട് ഭാരതീയദര്‍ശനങ്ങളെ സമന്വയിപ്പിക്കരുത്. അത് ഒരു വിദൂരസ്ഥമായ കണ്ടെത്തല്‍ മാത്രമാണ്, അനുഭവമല്ല.

അനുഭവം “ആയിരം ആദിതേയന്മാര്‍ ഒന്നിച്ചു വരുന്നതു പോലെ” ആണ്. അങ്ങനെയാണ് ശങ്കരനും നാരായണഗുരുദേവനും ഒക്കെ കണ്ടത്. രണ്ടു ദീപങ്ങള്‍ ഒന്നിക്കുന്നതു പോലെ! രണ്ടു സമുദ്രങ്ങള്‍ ഒന്നിക്കുന്നതു പോലെ! ആവിലായിലെ തെരേസയും, നിസ്സയിലെ ഗ്രിഗറിയും ഒക്കെ കണ്ടത് അങ്ങനെയാണ്. ഭാവാതീതന്മാര്‍ എല്ലാം കണ്ടത് അങ്ങനെയാണ്. ആ കാഴ്ച ആധുനികശാസ്ത്രകാരന് ഉണ്ടാവില്ല. കാരണം ഹിംസാത്മകമായ പണി ചെയ്യുന്നവന് അനുഭൂതി കിട്ടില്ല.

എം പി അപ്പന്‍ പറഞ്ഞതുപോലെ ഒരു സസ്യശാസ്‌ത്രജ്ഞന്‍റെ (Botanist) കയ്യിലേക്ക് ഒരു പൂവ് പറിച്ചു കൊടുത്താല്‍ അതിന്‍റെ സത്തു കണ്ടെത്തുവാന്‍ അവന്‍ സ്വന്തം മനസ്സിലേക്കല്ല, പൂവിലേക്കാണ് നോക്കുക. എന്നിട്ട് അതിന്‍റെ Calyx, Corolla, Stamen, Pistil….ഓരോന്നും അടര്‍ത്തിയെടുത്ത്‌ പരീക്ഷിക്കും.

“അല്ലിയും നാമ്പും മുറിച്ചൊന്നൊന്നായ് പരീക്ഷിച്ചാൽ
ഫുല്ലപുഷ്പത്തിൻ മുഗ്ദ്ധസൗരഭമകന്നുപോം
ചെന്തീജ്ജ്വാലയിലെരിച്ചമ്ലശോധനം ചെയ്‌താൽ
കാന്തിയൊക്കെയും മങ്ങി കരിയായ്ത്തീരും വജ്രം”

ഈ പണി ചെയ്യുന്നവനെയാണ് ഇന്ന് ശാസ്ത്രകാരനെന്നു വിളിക്കുന്നത്‌. ഒരുവനിലെ നശീകരണബുദ്ധി മുഴുവന്‍ സജീവമായിത്തീര്‍ന്ന്‍, സകലതും നശിപ്പിച്ചെടുക്കുന്ന പ്രക്രിയയെയാണ് ശാസ്ത്രമെന്നും സാങ്കേതികവിദ്യയെന്നും കവിതയെന്നുമൊക്കെ ഇന്ന് വിളിക്കുന്നത്.

ഒന്നിന്‍റെ സ്വരൂപം നഷ്ടപ്പെടുത്തുന്ന ഹിംസാത്മകമായ ഇത്തരം പഠനമൊക്കെ നിറുത്തി വിനയശ്രീലാളിതന്മാരായി, മര്യാദാമസൃണമായി കാണുന്ന വസ്തുവിലേക്ക്, പഠിക്കാന്‍ പോകാന്‍ എളുപ്പത്തില്‍, ആ വസ്തുവിനെ കണ്ട കാഴ്ച ഉണ്ടാക്കിയ വാസന ഏതാണോ, അതു വഴി തന്‍റെ ഉള്ളിലേക്ക് മെല്ലെ ഒന്നു തിരിഞ്ഞാല്‍, വസ്തുവിനെ ഹിംസിക്കാതെ തന്നെ അതിലെ തത്വം പ്രകാശിച്ചു കാണും. അങ്ങനെയാണ് എണ്ണമറ്റ ദര്‍ശനങ്ങളും, ആയുര്‍വേദവുമെല്ലാം ഭാരതീയഋഷിമാര്‍ കണ്ടുപിടിച്ചത്.

വസ്തുവിനെ കണ്ട കാഴ്ച ഉണ്ടാക്കിയ വാസന ഏതാണോ, അതു വഴി തന്‍റെ ഉള്ളിലേക്ക് ഒരുവന്‍ മെല്ലെ ഒന്നു തിരിഞ്ഞാല്‍, അതിലെ തത്വം അവനു പ്രകാശിച്ചു കാണും. ആ പ്രകാശത്തിന്‍റെ, ആത്മപ്രകാശത്തിന്‍റെ വലുപ്പം അവന്‍റെ ജ്ഞാനശക്തി എത്രയോ, ചിദ്-രൂപമെത്രയോ അത്രയുമാണ്. അതാണ്‌ അതിന്‍റെ “പരമമായ അവധി”

ഒരുവന്‍റെ വാസന ഒതുക്കി വെയ്ക്കുന്ന ജ്ഞാനത്തിനനുസരിച്ചേ അവനു കാര്യങ്ങള്‍ മനസ്സിലാകൂ. അതാണ്‌ അധികാരിഭേദം.

എല്ലാം എല്ലാവര്‍ക്കും മനസ്സിലാവില്ല. എങ്ങനെ ലളിതമാക്കിയാലും എങ്ങനെ പഠിപ്പിച്ചാലും എങ്ങനെ ഉദാഹരണങ്ങള്‍ പറഞ്ഞാലും മനസ്സിലാവില്ല.

ചിദ്-വിലാസം എത്ര, അത്രയും ഒരുവന് അറിയാനാകും. കാരണം അവനില്‍ ഒരു ചിദ്-വിലാസിനി, അവന്‍റെ ജ്ഞാനം വിലാസമായിത്തീര്‍ന്ന ഒരുവള്‍ ഇരുപ്പുണ്ട്‌. അത്രയേ മനസ്സിലാകൂ. അതാണ്‌ അതിന്‍റെ “പരമാവധി”.

ഈ “പരമമായ അവധി” വെച്ചുകൊണ്ടാണ് ശങ്കരനും അതുപോലെയുള്ള ആചാര്യന്മാരും എല്ലാം പറഞ്ഞത്. അതെല്ലാം അജ്ഞാനി ആയവന്, എപ്രകാരം സൂര്യന്‍ പ്രകാശിക്കുമ്പോള്‍ കണ്ണില്ലാത്ത അന്ധന് ഇരുളാര്‍ന്ന ശൂന്യം എന്ന് തോന്നുന്നുവോ അപ്രകാരമേ ആവൂ.

വസ്തുവിനെ കാണുന്നത് ആത്മപ്രകാശത്താല്‍ ജഡമായ മനസ്സ് പ്രകാശിച്ച് സങ്കല്‍പ്പവികല്‍പ്പങ്ങള്‍ ഉണ്ടായി, മനഃപ്രകാശം അവയില്‍ തട്ടി ഇന്ദ്രിയങ്ങള്‍ പ്രകാശിച്ച്, അവയുടെ ബുദ്ധി പ്രകാശിച്ച്, അതിലൂടെ പ്രപഞ്ചബോധം ഉണ്ടായിട്ടാണ്. പ്രപഞ്ചം ഉള്ളതുകൊണ്ടു കാണുകയല്ല, ഒരുവന്‍റെ ഉള്ളില്‍ പ്രകാശവും വാസനയും ഉള്ളതുകൊണ്ട്, പഞ്ചീകരിച്ചു പ്രപഞ്ചം ഉണ്ടാക്കപ്പെടുകയാണ്. ആകയാല്‍ ഒരോരുത്തന്‍റെയും പ്രപഞ്ചം ഓരോന്നാണ്.

പ്രപഞ്ചം ഇല്ലാത്തതാണ് എന്ന് ചിലര്‍ക്ക് ആദ്യം തന്നെ തോന്നും. അവര്‍ “നേതി നേതി” എന്ന് പറയും. അത് നിഷ്പ്രപഞ്ചപരിഗണന. മറ്റു ചിലര്‍ക്ക് പ്രപഞ്ചം ഉള്ളതാണ് എന്ന് തോന്നും. അവര്‍ “ഇതി ഇതി” എന്നു പറയും. ഇത് സപ്രപഞ്ചപരിഗണന.ഇവ രണ്ടു ചിന്താധാരയാണ്.

പാശ്ചാത്യലോകം സപ്രപഞ്ചപരിഗണനയിലൂടെയാണ് പോകുന്നത്. ഭാരതീയദാര്‍ശനികരാകട്ടെ രണ്ടു ചിന്താധാരയിലൂടെയും സഞ്ചരിച്ച് ഒരിടത്തുതന്നെ എത്തിച്ചേര്‍ന്നുവെന്ന് ആചാര്യമതം.

തത്വമസി – അത് സപ്രപഞ്ചപരിഗണനയിലാണ്.
അഹം ബ്രഹ്മാസ്മി – അത് നിഷ്പ്രപഞ്ചപരിഗണനയിലാണ്. നേതിയിലൂടെയാണ് “അഹം ബ്രഹ്മം” എന്നിടത്ത് എത്തുന്നത്.
തത്വമസിയിലെത്തുന്നത് സപ്രപഞ്ചപരിഗണനയിലാണ്.
“വത്സാ, കുറച്ച് ഉപ്പ് എടുത്തു കൊണ്ടു വരൂ, ഉപ്പ് ആ കലത്തിലെ വെള്ളത്തില്‍ കലക്കൂ, അതിന്‍റെ മുകളില്‍ നിന്നു കുടിക്കൂ, കലം തുരന്ന് അടിയില്‍ നിന്ന് കുടിക്കൂ. എല്ലായിടത്തും ഉപ്പ് ഉണ്ട്. അത് നീയാണ്”
“പോയി ആല്‍മരത്തിന്‍റെ വിത്ത് എടുത്തുകൊണ്ടു വരൂ. ആ വിത്ത് മുറിക്കൂ. എന്ത് നീ കാണുന്നു? നീ എന്തു കാണുന്നില്ലയോ അതാണ് വികസിച്ചു പടര്‍ന്നു പന്തലായി നില്‍ക്കുന്ന ആ ആല്‍മരം. അത് നീയാണ്”
ഇങ്ങനെ പോകുന്നതാണ് സപ്രപഞ്ചപരിഗണന. എല്ലാം നീ തന്നെയാണ്, ഒന്നും നിഷേധിക്കാതെ.

രണ്ടു പന്ഥാവിലൂടെ ചരിച്ചാലും നിങ്ങള്‍ ഒരു മാനബിന്ദുവിലേ എത്തുകയള്ളൂ.

ആത്മീയതയും ആധുനികശാസ്ത്രവും ഇവിടെ സംഗമിക്കുന്നു.

Advertisements

About Anthavasi

The Indweller
This entry was posted in അറിവ്, ഉപനിഷത്തുകള്‍ and tagged , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s