ദാമ്പത്യവിജ്ഞാനം 60 (അതിഥിപൂജനം)

വീട്ടില്‍ സംതൃപ്തിയില്ലാതെ, ഭാര്യക്ക് സംതൃപ്തിയില്ലാതെ, മക്കള്‍ക്ക് കൊള്ളാവുന്ന അച്ഛനാകാതെ, അമ്മയാകാതെ നാട് നന്നാക്കാന്‍ ഇറങ്ങുന്ന സാമൂഹ്യപ്രവര്‍ത്തകരെക്കൊണ്ട് നിറയുമ്പോള്‍ സനാതനധര്‍മ്മം തകരുകയാണ്‌ – വളരുകയല്ല. നിങ്ങളുടെ പരമ്പര എത്ര അറിവിലൂടെ എത്ര ഭംഗിയായി പോകുന്നു, അതാണ്‌ നിങ്ങള്‍ നേടുന്ന ആദ്ധ്യാത്മികത. അതിനു പര്യാപ്തമായി ജീവിയ്ക്കുക, ആഹാരം കഴിയ്ക്കുക, സ്നേഹിയ്ക്കുക, സ്നേഹിയ്ക്കപ്പെടുക.
എല്ലാ ആശ്രമങ്ങളെയും, എല്ലാ ധര്‍മ്മങ്ങളെയും സം‌രക്ഷിയ്ക്കുന്നത് ഗൃഹസ്ഥനാണ്‌. വിവാഹം കഴിയ്ക്കുമ്പോഴും, ഗര്‍ഭാധാനത്തിനിരിയ്ക്കുമ്പോഴും, ഗര്‍ഭിണി വീട്ടിലുണ്ടായിരിയ്ക്കുമ്പോഴും, അതിഥിപൂജനം മറക്കരുത്. തിഥി അറിയിക്കാതെ ആരെങ്കിലും വന്നാല്‍ – അത് തെണ്ടിയോ, തെമ്മാടിയോ ആരെങ്കിലും ആയിക്കോട്ടെ, ആരെങ്കിലും വന്നാല്‍ അന്നം കൊടുത്ത് വിടണം. അറിവുള്ളവനാണ്‌ വരുന്നതെങ്കില്‍ തീര്‍ച്ചയായും ആദരിച്ച് അന്നം കൊടുത്ത് ദക്ഷിണയും കൊടുത്ത് വിടണം – വിളിയ്ക്കാതെ വന്നാല്‍.

“വൈശ്വാനരഃ പ്രവിശത്യതിഥിർബ്രാഹ്മണോ ഗൃഹാൻ ”

ബ്രഹ്മജ്ഞാനി അതിഥിയായി വരുന്നത് അഗ്നിയായിട്ടാണ്‌, വൈശ്വാനരനായിട്ടാണ്‌. അര്‍ഘ്യപാദങ്ങള്‍ കൊണ്ട് തണുപ്പിച്ച് അവനെ സ്വീകരിയ്ക്കണം. ഇല്ലെങ്കില്‍ നിങ്ങളുടെ ആശ, ആഗ്രഹങ്ങള്‍ നടക്കാതാവും. നടപ്പുള്ള എന്തെങ്കിലും പ്രതീക്ഷിച്ച്, കാത്താണിരിക്കുന്നതെങ്കില്‍ അതു തിരിച്ച് പോകും.

അതിഥിയായി വരുന്ന ബ്രഹ്മജ്ഞാനിയുടെ കാലു കഴുകുക, കൈയില്‍ ജലമൊഴിയ്ക്കുക ഇതെല്ലാം ചെയ്ത് അവനെ സ്വീകരിക്കണം. ഇല്ലെങ്കില്‍ ആശ, പ്രതീക്ഷ, സംഗതം – കൈയില്‍ കിട്ടിയതു തന്നെ പോകും.

സൂനൃതം – നല്ല വാക്ക്. അതിഥിപൂജനം ചെയ്തവന്‍റെ നാവില്‍ നിന്നൊരിയ്ക്കലും പാമ്പും പഴുതാരയും വീഴില്ല. മുത്തും പവിഴവും വീഴും. ചിലര്‍ വായ പൊളിച്ചാല്‍ പാമ്പും, പഴുതാരയും വീഴും. സൂനൃതം – നല്ല വാക്ക്. നല്ല വാക്ക് പറയാന്‍ കഴിയുമെങ്കില്‍ വേറെ സമ്പാദ്യമൊന്നും വേണ്ട. ഒന്നും എടുക്കാതെ ലോകം മുഴുവന്‍ യാത്ര ചെയ്യാം. അതല്ലാത്തവന്‍ യാത്ര ചെയ്യണമെങ്കില്‍ എല്ലാ ഭാണ്ഡക്കെട്ടും കൊണ്ട് പോണം. അവന്‍ ചെല്ലുന്നിടത്ത് എല്ലാം ഉണ്ടാകും. അതിനാകെ ഒരു സമ്പാദ്യമേ വേണ്ടൂ – നല്ല വാക്ക്. നല്ല വാക്ക് ഉണ്ടാകുന്നത് അതിഥിപൂജനം കൊണ്ടാണ്‌. അതിഥിയെ പൂജിച്ചാല്‍ നല്ല വാക്കുണ്ടാകും.

പുത്രന്‍ – നല്ല പുത്രനുണ്ടാകാന്‍ അതിഥിയെ പൂജിയ്ക്കണം, ആ ഭാഗം കൊണ്ടാണ്‌ ഗര്‍ഭിണിയുള്ള വീട്ടില്‍ ആര് തിഥിയറിയിക്കാതെ വന്നാലും ആഹാരം കൊടുത്തേ വിടാവൂ. സന്ധ്യാസമയത്താണ്‌ വരുന്നതെങ്കില്‍ ഇറക്കിവിടരുത്. ഒരു പായ കൊടുത്ത് അവിടെ എവിടെയെങ്കിലും കിടത്തണം. “സൂര്യോഢം” എന്നാണ്‌ ഈ വ്രതത്തിന്റെ പേര്‌. സൂര്യന്‍ അസ്തമിയ്ക്കുമ്പോള്‍ ഗൃഹസ്ഥനോടാണ്‌ സൂര്യന്‍ പറയുന്നത്. ഇതു വരെ അവനു ഞാന്‍ കണ്ണുകള്‍ക്ക് വെളിച്ചമായിരുന്നു. ഞാന്‍ എന്‍റെയീ അതിഥിയെ നിന്നെ ഏല്പിയ്ക്കുന്നു. ഈ രാത്രി അവനു കണ്ണുകള്‍ക്ക് വെളിച്ചമായും, ആഹാരമായും നീ തീരുന്നുവെങ്കില്‍ എന്‍റെ രശ്മികള്‍ നിനക്കും നിന്‍റെ കുട്ടികള്‍ക്കും സന്തതിപരമ്പരകള്‍ക്കും പോഷണമായി നിന്‍റെ ചുറ്റുവട്ടങ്ങളില്‍ ചെടികള്‍ തത്തിക്കളിയ്ക്കുന്നുണ്ടാകും. നീ പറിയ്ക്കുന്ന ഓരോ ഇലയും, ഔഷധവും അറിവുമായിത്തീരുന്നത് പൂഷാവായ എന്റെ രശ്മികളാലാണ്‌. അതുകൊണ്ട് വൈദികന്‍ പ്രാര്‍ത്ഥിയ്ക്കുന്നു.

“പൂഷന്നേകർഷേ യമ സൂര്യ പ്രാജാപത്യ വ്യൂഹ രശ്മിൻസമൂഹ തേജഃ യത്തേ രൂപം കല്യാണതമം തത്തേ പശ്യാമി യോസാവസൌ പുരുഷഃ സോഹമസ്മി”

ഈ പ്രകൃതി അങ്ങനെ അടുക്കോടെ പോകുന്നതാണ്‌ . നീ എന്‍റെ തുടര്‍ച്ചയായി, നിന്നെ ഞാന്‍ ഏല്പിച്ച അതിഥിയ്ക്ക് നീ അന്നം കൊടുത്തു, ശയ്യ കൊടുത്തു, നിന്‍റെ പുത്രനും, പൗത്രനും, സന്തതിപരമ്പരകളും എന്നാല്‍ അനുഗ്രഹീതമായിരിയ്ക്കുന്നു. നിന്‍റെ സമീപപ്രാന്തങ്ങള്‍ എന്‍റെ മനോഹര രശ്മികളാല്‍ ആവൃതമായിരിയ്ക്കുന്നു. വിഷമൂലങ്ങളെയും, വിഷവസ്തുക്കളെയും എന്‍റെ രശ്മികള്‍ മാറ്റി മറച്ചിരിയ്ക്കുന്നു. നിന്‍റെ പറമ്പില്‍ നില്‍ക്കുന്നത് കാഞ്ഞിരമായാലും മധുരമുള്ളതായിത്തീരും.

പാലക്കാട്ട് ഒരു പള്ളിയില്‍ ഒരു കാഞ്ഞിരമരം നില്പുണ്ട്. വര്‍ഷത്തില്‍ ഒരു ദിവസം അതിന്‍റെ ഇലയ്ക്ക് മധുരമാണ്. അന്നേ ദിവസം ആളുകള്‍ കയറി നേരത്തെ പറിച്ച് തിന്നും. ഇത് നുണയല്ല. എന്‍റെ അടുത്തുന്നുള്ള ആളുകളൊക്കെ പോയി പറച്ച് തിന്നിട്ട് പറഞ്ഞതാണ്. ഞാന്‍ തിന്നു നോക്കിയില്ല. അവര്‍ തിന്നിട്ട് മധുരം ആണെന്ന് പറഞ്ഞിട്ടുള്ള അറിവ്. അത്രയും വരെ സത്യമാണ്‌, ഞാന്‍ തിന്നൂന്ന് പറഞ്ഞാല്‍ കള്ളമാകും. ആ ദിവസം രാവിലെ തന്നെ ആളുകള്‍ ക്യൂ ആയിട്ട് വന്നു കിടക്കും. സൂര്യന്റെ രശ്മിയില്‍ നിന്നാണ്‌ ഈ പാചകം മുഴുവന്‍ നടക്കുന്നത്. അത് നിങ്ങള്‍ക്ക് അറിയാമെന്ന് തോന്നുന്നു. ലോകത്തിലെ ഏറ്റവും വലിയ പാചകശാല ഇലയാണ്‌. അമ്മയും സഹോദരിയും ഒക്കെ പാചകം ചെയ്യുന്നതിനേക്കാള്‍ ഈ ഭൂമിയ്ക്ക് വേണ്ട അന്നം പാകം ചെയ്യുന്നത് ഇലകളാണ്‌, ആ ഇലകളിലേക്ക് രശ്മിസമൂഹങ്ങളെ അയച്ചു കൊണ്ടിരിയ്ക്കുന്നത് സൂര്യനാണ്‌.

About Anthavasi

The Indweller
This entry was posted in ദാമ്പത്യവിജ്ഞാനം and tagged . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s