02 മനസ്സ് സമൂഹം – ആമുഖം – തുടര്‍ച്ച

ഔപചാരിക വിദ്യാഭ്യാസത്തെയാണ് സമൂഹം അംഗീകരിക്കുന്നത്. അപൂര്‍വ്വം തലങ്ങളില്‍ വ്യക്തി അതിന്‍റെ ഏകാന്തതകളില്‍ മതവിദ്യാഭ്യാസത്തെയും മത അനുഷ്ഠാനങ്ങളെയും രഹസ്യമായി അംഗീകരിക്കുകയും താലോലിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പൊതുവേ സമൂഹം അംഗീകരിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തെത്തന്നെയാണ്.

ഔപചാരികവിദ്യാഭ്യാസം ഇന്ന് കൈകാര്യം ചെയ്യുന്നത് മതങ്ങളാണ്. പൊതുവായി ഭരണകൂടത്തിന് അതിനെ നോക്കിക്കാണുന്നതിനും നിയന്ത്രിക്കുന്നതിനും ഔപചാരികവിദ്യാഭ്യാസത്തിന്‍റെ അത്യുന്നതങ്ങളില്‍ ഉദ്യോഗസ്ഥ അനുദ്യോഗസ്ഥ വൃന്ദങ്ങള്‍ ഉണ്ടെങ്കിലും അവയെ എല്ലാം നിയന്ത്രിക്കുന്നത് മാനേജുമെന്റുകള്‍ തന്നെയാണ്. ഔപചാരികവിദ്യാഭ്യാസത്തിന്‍റെ രംഗവേദികളില്‍ നിന്നാണ് ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ഇതരമതങ്ങളും – ഇവ മൂന്നുമാണെന്ന് തോന്നുന്നു ഇന്ത്യയില്‍ പ്രബല മതങ്ങള്‍ – ബുദ്ധമതവും സിക്ക് മതവും ഒക്കെ ഉണ്ടെങ്കില്‍ക്കൂടി, കുറഞ്ഞ പക്ഷം കേരളത്തെക്കുറിച്ച് ചിന്തിച്ചാലെങ്കിലും ഈ മൂന്നു മതങ്ങള്‍ ആണ് പ്രബലം – ഇവരുടെ എല്ലാം വിദ്യാര്‍ത്ഥികള്‍ അവിടെ നിന്നാണ് പഠിച്ചത്. ഒരേ ക്ലാസ് മുറിയില്‍ ഒന്നിച്ചിരുന്ന് ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും പഠിച്ചിട്ട് ഹിന്ദുവിന്‍റെ സമൂഹത്തില്‍ ബന്ധങ്ങള്‍ താറുമാറാകുകയും ക്രിസ്ത്യന്‍ ഇസ്ലാമിക സമൂഹങ്ങളില്‍ ബന്ധങ്ങള്‍ താറുമാറാകാതിരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് അതിനെ ഔപചാരിക വിദ്യാഭ്യാസത്തോടും പാശ്ചാത്യ വിദ്യാഭ്യാസത്തോടും പാശ്ചാത്യ അനുകരണത്തോടും ചേര്‍ത്ത് വ്യാഖ്യാനിക്കാന്‍ കഴിയുക?

നിങ്ങള്‍ അദ്ധ്യാപകര്‍, എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, മാനേജ്മെന്റ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വ്യവസായികള്‍, രാഷ്ട്രീയക്കാര്‍ ഒക്കെ ഒന്നിച്ചിരിക്കുന്ന ഒരു സമൂഹത്തോടാണ് ഞാന്‍ സംസാരിക്കുന്നത്. അതാതു മേഖലകളില്‍ എല്ലാം നിങ്ങള്‍ക്ക് എന്‍റെ വാക്കുകളെ കൂട്ടിക്കൊണ്ടു പോകാം. ഹിന്ദുമതത്തിലും, ക്രിസ്തുമതത്തിലും, ഇസ്ലാംമതത്തിലും പെട്ട ആളുകള്‍ ക്ലാസ്സില്‍ ഉണ്ടാവുകയും ചെയ്യും. നിങ്ങള്‍ ഔപചാരിക വിദ്യാഭ്യാസത്തെയും പാശ്ചാത്യ അനുകരണത്തെയും, പാശ്ചാത്യ ദുഷ്പ്രഭുത്വത്തെയും പാശ്ചാത്യന്‍റെ വികലങ്ങളായ കാര്യങ്ങളെയും ചൂണ്ടിക്കാട്ടി അവയാണ് നിങ്ങളുടെ സ്വത്വത്തെ നിരാകരിച്ചു കൊണ്ട് വളരുന്നത്‌ എന്ന ഒരു സാങ്കല്‍പ്പികമായ എതിര്‍പ്പില്‍ മുന്നേറുമ്പോള്‍, ഒരേ ക്ലാസ്സ് റൂമില്‍ ബേസല്‍ മിഷന്‍റെയോ, സി.എം.ഐ. സഭയുടെയോ, ചിന്മയാ മിഷന്‍റെയോ, രാമകൃഷ്ണ മിഷന്‍റെയോ, അമൃതാനന്ദമയി മിഷന്‍റെയോ, ശ്രീ ശ്രീ രവിശങ്കറിന്‍റെ പ്രസ്ഥാനത്തിന്‍റെയോ, ഇസ്ലാമിക സംഘടനകളുടെയോ സ്കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ഔപചാരികവിദ്യാഭ്യാസം നിര്‍ദ്ദേശിച്ചിരിക്കുന്ന പൊതു സിലബസില്‍ ഒന്നിച്ചിരുന്ന് ഈ സമൂഹത്തിലെ തന്നെ അദ്ധ്യാപകര്‍ പഠിപ്പിക്കുന്ന പഠനവും കഴിഞ്ഞിറങ്ങിയിട്ട് അതില്‍ ഒരു വിഭാഗം മാതാവിനോടും പിതാവിനോടും സഹോദരങ്ങളോടും സ്വസമുദായത്തോടും ഉള്ള ബന്ധങ്ങളെ ഈടുവെയ്പ്പുകളോടു കൂടി സൂക്ഷിക്കുകയും തങ്ങള്‍ പഠിച്ച വിദ്യയും, തങ്ങളുടെ ജോലിയും തങ്ങളുടെ വരുമാനവുമെല്ലാം ആ സാമൂഹിക നന്മയ്ക്കു വേണ്ടി വിനിയോഗിക്കുവാന്‍ പാകമായി ഒത്തുനില്‍ക്കുകയും ചെയ്യുമ്പോള്‍ ഒരു വിഭാഗം തിരിച്ചു ചിന്തിക്കുകയും, തിരിച്ചു സ്വതന്ത്രമാവുകയും ബന്ധങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നുവെങ്കില്‍ പഠിച്ച വിദ്യ കൊണ്ടാണെന്നും പാശ്ചാത്യഭ്രമം കൊണ്ടാണെന്നും നിങ്ങളോട് ആരാണ് പറഞ്ഞത്? എങ്ങനെയാണ് അത് നിങ്ങള്‍ക്ക് സമര്‍ത്ഥിക്കുവാന്‍ കഴിയുക?

നിങ്ങളുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, വ്യാവസായിക, സമുദായ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഇതുമായി എങ്ങനെ യോജിച്ചു പോകാം, അല്ലെങ്കില്‍ എങ്ങനെ ഇത് സ്വീകരിക്കാം എന്ന് എനിക്ക് വളരെ സംശയം ഉണ്ട്. എങ്കിലും എന്‍റെ ചോദ്യം അപ്രസക്തമല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രസക്തമാണ് എന്ന പദം ഞാന്‍ ഉപയോഗിക്കുന്നില്ല, നിങ്ങളുമായി ചേര്‍ന്ന് പോകേണ്ടതു കൊണ്ട്. അപ്രസക്തമല്ല എന്നെങ്കിലും ഞാന്‍ വിശ്വസിക്കുന്നു.

സമീപകാല സനാതനധര്‍മ്മികള്‍ മനസ്സിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരു ഭൌതികതയില്‍ സംഘടിച്ചു എന്നുള്ളതാകുമോ ഇതിന്‍റെ ഒരു കാരണം? മനസ്സിനെയും മനസ്സിന്‍റെ വിഭൂതിയെയും കണക്കിലെടുക്കാതെ താത്വികങ്ങളായ ഗ്രന്ഥങ്ങളുടെ ലിംഗങ്ങള്‍ – ഭാഷ എന്നതിനെയാണ് ഞാന്‍ ഇവിടെ ലിംഗം കൊണ്ട് ഉദ്ദേശിച്ചത് – ലിംഗ്വിസ്റ്റിക്സ് – സ്വകപോലകല്‍പ്പിതമായി അവതരിപ്പിച്ചു എന്നുള്ളതായിരിക്കുമോ ഇതിന്‍റെ മറ്റൊരു കാരണം?

ആദ്യം പറഞ്ഞത് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. രണ്ടാമത് പറഞ്ഞത് മനസ്സിലായില്ല എങ്കില്‍ ഒരു ഉദാഹരണം പറയാം. ഭാരതീയ ദര്‍ശനങ്ങള്‍, ഭാരതീയ പൌരാണികഗ്രന്ഥങ്ങള്‍, അതിലെ ചിന്തകള്‍ ഒക്കെ അവതരിപ്പിക്കുമ്പോള്‍ കവിയശപ്രാര്‍ത്ഥികളായിത്തീര്‍ന്ന ആധുനികരില്‍ പലരും അതിന്‍റെ മൗലികലിംഗങ്ങളെ മാറ്റിമറിച്ച് സ്വകപോലകല്‍പ്പിതങ്ങളായ സിദ്ധാന്തങ്ങളെ അവതരിപ്പിച്ചു എന്നതായിരിക്കുമോ ഒരു കാരണം? രാമായണവും മഹാഭാരതവും ഭാഗവതവും ഒക്കെ ഇന്ന് പഠിക്കുന്ന കാലമാണ്. ഭഗവദ് ഗീത ഇന്ന് ആഗോളവ്യാപകമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാലമാണ്. ഇന്ന് പഠിപ്പിക്കുന്ന രീതിയില്‍ പഠിച്ചു കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അതിന്‍റെ ലിംഗങ്ങള്‍ നിങ്ങളുടെ അന്തക്കരണത്തില്‍ കടന്നുകൂടുന്ന വേളയില്‍, നിങ്ങളുടെ മനസ്സ് ‘ദാ ഇത് നിന്‍റെ ബന്ധുവാണ്, ഇവന്‍ കൊല്ലപ്പെടെണ്ടവന്‍ ആണ്, ഇത് നിന്‍റെ ശത്രുവാണ്‌, ഇവന്‍ സ്നേഹിക്കപ്പെടേണ്ടവന്‍ ആണ് എന്നൊരു ബോധം ഒരു ‘ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം’ എന്ന നിലയില്‍ നിങ്ങളുടെ തലച്ചോറില്‍ പഠനങ്ങള്‍ കേറ്റി വെയ്ക്കുന്നുവോ?

About Anthavasi

The Indweller
Video | This entry was posted in മനസ്സ് സമൂഹം and tagged , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s