കര്‍മ്മയോഗവും സന്ന്യാസവും ഭഗവദ് ഗീതയില്‍ [3] – സന്ന്യാസി എങ്ങനെ ആവണം?

സര്‍വ്വാതിശായിയായ ആത്മബോധവും സമാധിയുടെ അനുഭവവും ലഭിച്ചു കഴിഞ്ഞിട്ടും ഏഷണാത്രയങ്ങളെ എന്തിനു കൊണ്ടുപോകണം? വിഷയലോകങ്ങളെല്ലാം വിഷമാണെന്ന് ബോധ്യപ്പെടുകയും വിഷവത് ത്യജിക്കുകയും ചെയ്തുവെന്ന് സങ്കല്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞ് വിഷയത്തില്‍ എന്തിന് ഭ്രമമുണ്ടാകണം? എല്ലാ സങ്കല്‍പ്പവും ത്യജിച്ച് കഴിഞ്ഞാല്‍ പിന്നെ പന്നിയെപ്പോലെ പെരുമാറുമോ എന്ന പഞ്ചദശീകാരന്‍റെ ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. പഞ്ചദശീകാരന്‍ അതിനെ വിട്ട് വരാഹതുല്യത്തം എന്നാണ് പറയുന്നത്. ‘വിട്ട്’ എന്നു പറഞ്ഞാല്‍ മലം. പന്നിയ്ക്ക് മലം ഇഷ്ടമാകുന്നതുപോലെ ജ്ഞാനിയ്ക്ക് ഈ  വിഷയം ഇഷ്ടമാകുമോ? ശാസ്ത്രങ്ങള്‍ ഉദ്ധരിച്ച് എങ്ങനെ ഇതിനെ വ്യാഖ്യാനിക്കാന്‍ കഴിയും?

ഞാന്‍ സന്ന്യസിച്ചു കഴിഞ്ഞില്ല. അതിന്‍റെ പാതയിലാണ്. ഇപ്പോള്‍ ഒരു പതനത്തിലാണ്. ക്ഷമിക്കണം എന്നു പറയുന്നതല്ലേ മര്യാദ. അടുത്ത ജന്മം ‘ശ്രീമതാം ഗേഹേ’ ഒക്കെയുണ്ടാകും. ഭഗവാന്‍ തന്നെ ഇതു പറഞ്ഞിട്ടുണ്ട്. ശ്രീമതാം ഗേഹേ യോഗഭ്രഷ്ടോഭി ജായതേ അപ്പോള്‍ തന്‍റേടത്തോടെ പറയുക. ഞാന്‍ യോഗഭ്രഷ്ടനാണ്. യോഗം പൂര്‍ണ്ണമായില്ല. ഭ്രഷ്ടനായതുകൊണ്ട് ഇനി അടുത്ത ജന്മത്തിലേ രക്ഷയുള്ളു. അടുത്ത ജന്മത്തില്‍ ശ്രീമതാം ഗേഹത്തില്‍ ജനിക്കും. അവിടെ വച്ച് ഒന്നുകൂടി പുനരാവര്‍ത്തി വന്നാല്‍ ചിലപ്പോള്‍ വീണ്ടും പതിക്കാം. ഇങ്ങനെ സമരസപ്പെട്ട് പോകുകയല്ലേ നല്ലത്? എന്തിനാ ഇല്ലാത്തതില്‍ അഭിമാനിക്കുന്നത്? ഇങ്ങനെയൊരു ഋജുത്വവും ആര്‍ജ്ജവവും ജീവിതത്തില്‍ ഉണ്ടാക്കിയാല്‍ സുഖമാണ്.

അയല്‍പക്കക്കാരന്‍ വളര്‍ത്തിക്കൊണ്ടുവന്ന് കരം കെട്ടുന്ന വാഴയും നെല്ലും വലിയ കെട്ടിടവുമൊക്കെ കാണിച്ച് പണ്ട് എന്‍റെ അപ്പൂപ്പന്‍റെയായിരുന്നു എന്നു പറയുന്നതുപോലെ, എന്‍റെ ഒരു പഴയ അപ്പൂപ്പന്‍ വലിയ സന്ന്യാസിയായിരുന്നു, അദ്ദേഹം സമാധിയൊക്കെ അനുഭവിച്ചിട്ടുണ്ട്, അതുകൊണ്ട് ദക്ഷിണതന്നേക്കാന്‍ പറയുന്നതിനേക്കാള്‍ നല്ലത് എന്നെങ്കിലും ഞാനും ആ വഴിക്ക് പോയേക്കാം, ഇപ്പോ വിശക്കുന്നതുകൊണ്ട് കുറച്ച് കഞ്ഞി തന്നേര്, ദക്ഷിണ തരേണ്ട എന്നു പറയുന്നതല്ലേ ആര്‍ജ്ജവം? ലളിതമല്ലേ ഈ പരിപാടി? അതല്ലാതെ ശാസ്ത്രത്തെ കൊണ്ടുവന്ന് വളച്ച് തിരിച്ച് ഇതൊക്കെ ചെയ്താലും ചെയ്തില്ല എന്ന് എന്തിനാണ് സമാധാനിക്കുന്നത്?

സങ്കല്‍പ്പം ആണ് സന്ന്യസിക്കേണ്ടത്. അക്രിയനായതുകൊണ്ടോ നിരഗ്നിയായതുകൊണ്ടോ യോഗി ആവാതിരിക്കുന്നില്ല, ആവുന്നുമില്ല എന്ന് ആറാം അധ്യായം ഒന്നാം ശ്ലോകത്തില്‍ പറഞ്ഞിട്ടുമുണ്ട്. “അനഗ്നിഃ അനികേതഃ സ്യാത്” അതാണ് സന്ന്യാസം. സന്ന്യാസിക്കുവേണ്ടി ഇപ്രകാരം പറയുന്നത് അത് പ്രാപ്തത്തിന്‍റെ നിഷേധമാണ്. പ്രാപിച്ചതിനെ നിഷേധിക്കുകയാണ്. ഏതൊക്കെ പ്രാപ്തമാണോ അതൊക്കെ ബന്ധമാണ്.  കാരണം തനിക്കുള്ള ആഹാരം പൂര്‍വ്വജന്മാര്‍ജ്ജിതമായി ഉണ്ടെങ്കില്‍ ( ഈ ജന്മത്തില്‍ പുതിയ വാസനകളൊന്നും ഉണ്ടാക്കാതെ) അവയെ ആരു വിളിച്ചു തരുന്നോ അവിടെ നിന്നു കഴിക്കും. ആരും തന്നില്ലെങ്കില്‍ കഴിക്കാതിരിക്കം.  അനഗ്നിഃ അനികേതഃ എന്നു പറഞ്ഞാല്‍ അതാണ് നിയമം.

ഭഗവാന്‍ എനിക്കുള്ളത് എവിടെയെങ്കിലും വച്ചിട്ടുണ്ടോ? ഞാന്‍ അതിനുള്ള പുണ്യം മുമ്പ് ചെയ്തിട്ടുണ്ടോ? ആരോ ഭിക്ഷ തന്നതില്‍ കല്ലുകടിച്ചു, പല്ലുപോയി. പണ്ട് ആരുടേയോ പല്ല് അടിച്ചു കളഞ്ഞിട്ടുണ്ട്. ഭഗവാന്‍ അത് അവിടെ സ്വീകരിച്ച്, കല്ലുതീറ്റി  എന്‍റെ പല്ല് കളഞ്ഞിരിക്കുകയാണ്. ആ സമയത്ത് ശാസ്ത്രം തോന്നുമോ. അതോ അവളുകൊണ്ടുവന്ന് ഒരു ഭിക്ഷതന്നു, അതങ്ങ് കഴിച്ചു. എന്‍റെ പല്ലാണ് പോയത്. ഒന്നുകാണണം. കണ്ടിട്ടുവേണം അവിടൊരു പല്ലു ഫിറ്റു ചെയ്യാനുള്ള കാശും കൂടെ വാങ്ങിക്കാന്‍ എന്നു തോന്നുമോ? സന്ന്യാസമെന്നു പറഞ്ഞാല്‍ അതല്ല പണി.

അഗ്നി ജ്വലിപ്പിക്കാതിരിക്കുക എന്നു പറഞ്ഞാല്‍ തനിക്കുവേണ്ടി പാകപ്പെടുത്താതെപോലുമിരിക്കുക എന്നൊരു അര്‍ത്ഥമുണ്ട്. എന്നാല്‍ ഇന്ന് ആരുമായി പൊരുത്തപ്പെടുകയില്ലാത്തതുകൊണ്ട് രാവിലെ എഴുന്നേറ്റ് കുളിച്ച് സാമ്പാറും മൂന്ന് കൂട്ടം കൂട്ടാനും തന്നത്താനുണ്ടാക്കി വേറൊരുത്തന്‍  വന്നാല്‍പ്പോലും കൊടുക്കാതെ തന്നെത്താന്‍ തിന്നുകയാണ്. ഒരു ദിവസം ഭക്ഷണമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറച്ചു നൂഡില്‍സ് വാങ്ങിച്ചുവച്ച് ഉപ്പുമാവുണ്ടാക്കുക. അതിനും നേരം കിട്ടിയില്ലെങ്കില്‍  തിന്നാനായി കശുവണ്ടിപ്പരിപ്പും ബദാമുമൊക്കെ വാങ്ങി സ്റ്റോക്ക് ചെയ്യുക. അതൊക്കെ തന്‍റെ സ്വന്തം പ്രത്യേക മുറിയില്‍ വെച്ച് ആവിശ്യത്തിന് കഴിക്കുക. ആളുകളെ കാണാനുള്ള മുറി വേറെ ആയിരിക്കും. ആളുകള്‍ വന്നു കണ്ടാല്‍ സ്വാമിയുടെ മുറി ലുലുവിന്‍റെ ഷോപ്പിങ്ങ് കോംപ്ലക്സ് ആണ് എന്ന് പറഞ്ഞു നടക്കും. അതിനകത്ത് ഒരൊറ്റ വേദപുസ്തകം പോലുമില്ലെങ്കിലും Hoteliering, Catering പുസ്തകങ്ങള്‍ മുഴുവനും അവിടെയുണ്ട്. ഒരാളേയും ആശ്രയിക്കേണ്ട. ഇതിനെയാണ് അഭിമാനത്തോടുകൂടി സന്ന്യാസം എന്ന് ഇന്ന് പലപ്പോഴും വിചാരിക്കുന്നത്.

എന്‍റെ കാര്യം ഞാന്‍ നോക്കുന്നു. ആരെങ്കിലും വന്നാല്‍ കൊടുക്കാന്‍ കഴിയാത്തതുകൊണ്ട് ഭക്ഷണസമയമാകുമ്പോള്‍ വാതിലൊക്കെ അടയ്ക്കുന്നു. മൂന്നുനേരം കൃത്യമായി കഴിക്കുന്നു. ചിട്ടയായി ജിവിക്കുന്നു. ആര്‍ക്കും ഒരു ശല്യവുമില്ല. ഇതല്ല സന്ന്യാസം. അങ്ങനെ ചെയ്യുമ്പോള്‍ പോലും അഗ്നി ജ്വലിപ്പിക്കുന്നുണ്ട്. മനുസ്മൃതികാരന്‍ ‘അനികേതസ്യാത്’ എന്നാണ് സന്ന്യാസത്തിന്‍റെ ലക്ഷണം പറഞ്ഞിരിക്കുന്നത്.

സര്‍വ്വക്രിയാത്യാഗവും സന്ന്യാസിക്കുവേണ്ടി നിര്‍വ്വചിച്ചിട്ടുണ്ട്. സകലക്രിയകളുടേയും ത്യാഗം – അതു നല്ലതാണ്. ‘കര്‍മ്മണാം ന്യാസഃ സന്ന്യാസഃ’. അത്രയുമായില്ലെങ്കിലും കാമ്യകര്‍മ്മങ്ങളുടെയെങ്കിലും ത്യാഗം വേണ്ടതാണ്. ‘കാമ്യാന്യാം കര്‍മ്മണാം ന്യാസഃ സന്ന്യാസഃ’. മാത്രമല്ല, സന്ന്യാസംകൊണ്ട് നേടുന്നത് നൈഷ്കര്‍മ്യ സിദ്ധിയാണെന്ന് പറഞ്ഞിട്ടുമുണ്ട്. നൈഷ്കര്‍മ്യ സിദ്ധി വെറുതെ നേടുകയൊന്നുമില്ല. ശാസ്ത്രം തലനാരിഴകീറി പഠിച്ചാണ് പൂര്‍വ്വാചാര്യന്മാര്‍ നൈഷ്കര്‍മ്യ  സിദ്ധിയെ പ്രാപിച്ചിട്ടുള്ളത്.

അഭയം സര്‍വ്വഭൂതേഭ്യോം ദത്വാ നൈഷ്കര്‍മ്മ്യം ആചരേത് – സകല ഭൂതങ്ങള്‍ക്കും അഭയം നല്‍കി നൈഷ്കര്‍മ്മ്യം ആചരിക്കുന്നവനാണ് സന്ന്യാസി. നിരഗ്നിത, നിഷ്ക്രിയത ഇവയ്ക്ക് ഭഗവത് ഗീതയില്‍ ഭഗവാന്‍ പറയുന്ന  നിര്‍വചനവും വാചസ്പതി മിശ്രന്‍ നല്കുന്ന നിര്‍വചനവും മനുസ്മൃതിയും യാജ്ഞവല്‍ക്യ സ്മൃതിയും വേദങ്ങളും നല്‍കുന്ന  നിര്‍വചനങ്ങളും വെച്ചുകൊണ്ട് ഇന്ന് സന്ന്യാസിമാര്‍ എത്രത്തോളം മാറിയിട്ടുണ്ടെന്നുകൂടി നിങ്ങള്‍ പഠിച്ചുകൊള്ളണം. നാളെ നിങ്ങള്‍ സന്ന്യാസത്തിലേക്ക് എത്തിയാല്‍ ഇതില്‍ നിന്നുകൂടി എത്രമാറും എന്നുകൂടി ആലോചിച്ചുനോക്കണം.

Advertisements

About Anthavasi

The Indweller
This entry was posted in കര്‍മ്മയോഗവും സന്ന്യാസവും ഭഗവദ് ഗീതയില്‍, ഭഗവദ്ഗീത and tagged , , . Bookmark the permalink.

One Response to കര്‍മ്മയോഗവും സന്ന്യാസവും ഭഗവദ് ഗീതയില്‍ [3] – സന്ന്യാസി എങ്ങനെ ആവണം?

  1. Ashokan says:

    I AM VERY FORTUNATE TO MEET AND LEARN FROM SWAMIJI.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s