ദാമ്പത്യവിജ്ഞാനം – 41 [ബഹുമാനമാണ് ദാമ്പത്യം]

“സര്‍” എന്ന് വിളിക്കരുതെന്നാണ് ഐ.ടിയില്‍ പഠിപ്പിക്കുന്നത്. SIR ആണ് സര്‍! – “Slave I Remain” എന്നാണ് പൂര്‍ണ്ണരൂപം. അതുകൊണ്ട് ഒരിക്കലും ഒരുത്തനെ സര്‍ എന്ന് വിളിക്കരുത്. Call him by name, എത്ര പ്രായം കൂടിയവനായാലും ശരി. ഇതൊക്കെ ആദ്യം ചെല്ലുമ്പോഴേ ചെറുപ്പക്കാര്‍ക്ക് പറഞ്ഞു കൊടുക്കും. ഒന്നരയാഴ്ച കഴിയുമ്പോള്‍ മറ്റവന്റെ Ego പൊങ്ങും, ഇവന്‍ പുറത്താകും. ഇതാണ്‌ ഇന്ന് ബാംഗളൂറൊക്കെ നടന്നു കൊണ്ടിരിക്കുന്നത്. അങ്ങനെ ജീവിതം കോഞ്ഞാട്ടയായി തീരുന്ന അവസ്ഥയിലാണ് പലരും ഇപ്പോള്‍ നില്‍ക്കുന്നത്.

അതുകൊണ്ട് ബഹുമാനപുരസരം അച്ഛന്‍ അമ്മയോടും അമ്മ അച്ഛനോടും പെരുമാറുന്ന കുടുംബങ്ങളില്‍ കുട്ടികള്‍ ഉത്തമന്‍മാരായിതീരും. ദാമ്പത്യത്തിന്റെ മൗലിക അടിത്തറ അവിടെയാണ്. ഒരു വാക്ക് പറയുമ്പോള്‍ പോലും സൂക്ഷിക്കണം. കുട്ടികളോട് അച്ഛന്റെ കുറ്റം പറയരുത്. രാമായണത്തില് വാല്മീകിയുടെ ആശ്രമത്തില്‍ ഇരിക്കുമ്പോള്‍ ലവകുശന്‍മാരെ സീത പഠിപ്പിച്ചത് രാമന് എതിരായിട്ടല്ല. രഘുവംശത്തിന്റെ കളങ്കരഹിതമായ ജീവിതത്തെ കുറിച്ചാണ്. ഗര്‍ഭിണിയായിരിക്കെ, സ്പഷ്ടഗര്‍ഭലക്ഷണങ്ങള്‍ ഉള്ള സീതയെ വനാന്തരത്തില്‍ ഉപേക്ഷിച്ച രാമനെക്കുറിച്ച് സീത ഒരിക്കല്‍ പോലും ഒരു അപശബ്ദവും പറയാത്തതാണ് രാമന്‍ ദൈവമാനെന്നുള്ളതിനു തെളിവ്. കര്‍മങ്ങള്‍! അതിന്‍റെ പരിക്ഷീണഘട്ടം ആര്‍ക്കും വരും. ദാരിദ്ര്യം, ഉപേക്ഷ, ഉദ്ദേശിക്കാത്തത് ചുമത്തല്‍ ഇതൊക്കെ സ്ത്രീക്കും പുരുഷനും ഒക്കെ വരും. അതിന്‍റെ വേദനയൊക്കെ രണ്ടു പേരും കൊണ്ടുനടക്കുകയും വേണം. പക്ഷേ ബഹുമാനം, അത് വേറെയാണ്. ആ ബഹുമാനമാണ് ദാമ്പത്യം.

ചോദ്യം : വര്‍ണ്ണാശ്രമത്തിന്‍റെ അടിസ്ഥാനത്തിലുള്ള തൊഴില്‍പ്രസ്ഥാനം

അത് മാത്രമേ പ്രായോഗികമാകുകയുള്ളൂ. കാരണം, ഒരു പിതാവ്, ഇരുമ്പില്‍ പണിയെടുക്കുന്നവനാണ്. ഇരുമ്പിന്‍റെ ഭാഗമെല്ലാം അയാളുടെ മസ്തിഷ്കത്തില്‍ ഇരിക്കുകയും അത് അയാളുടെ കോശാന്തരങ്ങളില്‍ വ്യാപിക്കുകയും അതില്‍നിന്ന്‍ ഉരുത്തിരിഞ്ഞു വരേണ്ടുന്നതിനെ ഭാവന ചെയ്യുകയും ചെയ്യുമ്പോഴുള്ള ബീജത്തിനകത്ത് നൈസര്‍ഗികമായി ആ തൊഴില്‍ ഉണ്ടാകും. അന്നൊരു കത്തി വാങ്ങിച്ചാല്‍ അത് രോഗം ഉണ്ടാക്കൂല്ല. അന്നൊരു കത്തിയോ വാക്കത്തിയോ വാങ്ങിച്ചാല്‍ അതിന് പ്രയോഗക്ഷമത കൂടും. ഇന്നു നിങ്ങള്‍ കാണുന്ന നമ്പൂതിരിയും നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്ലിമും കൊല്ലപ്പണിയും (Blacksmithy) പഠിച്ചിറങ്ങി, കാണുന്ന പാട്ടയോക്കെ അടിച്ചു കത്തിയും വാക്കത്തിയും ആക്കി ഉത്സവപറമ്പില്‍ വന്നപ്പോള്‍ രോഗവും കൂടി, കുഴപ്പമായി. അന്ന് തട്ടാന്‍ സ്വര്‍ണ്ണം ഉണ്ടാക്കിയപ്പോള്‍ ശകലം അവന്‍റെ എളിയില്‍ വച്ചുകൊണ്ട് പോയേക്കും. പക്ഷേ മായമില്ല, Cancer ഇല്ല അതുകൊണ്ട്, പിള്ളേര്‍ക്ക് ഉരച്ചുകൊടുക്കാം. ഇന്ന് കാണുന്ന നമ്പൂതിരിയും നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്ലിമും ഒക്കെ അങ്ങ് സ്വര്‍ണ്ണകച്ചവടത്തിന് ഇറങ്ങിയപ്പോള്‍ സ്വര്‍ണ്ണം കഴുത്തേല്‍ ഇട്ടാല്‍ കാന്‍സര്‍ ആണ്. Rubedium, Irridium, Cadmium… ഇനി ഇതില്‍ കൂടുതല്‍ എന്താ തെളിവ് വേണ്ടത് വര്‍ണ്ണാശ്രമത്തിലൂടെ മാത്രമേ പറ്റൂ എന്നുള്ളതിന്? ഉദാഹരണം മുന്‍പില്‍ കിടക്കുയാണ്.

വര്‍ണ്ണവിവേചനം തെറ്റാണ്. തൊഴില്‍ എതായിരുന്നാലും ഉത്തമമാണ്. ഈ പറഞ്ഞത് കൊണ്ട് വിവേചനം വേണമെന്നല്ല പറഞ്ഞത്. കാരണം ഏതു തൊഴിലും മാന്യമാണ്. ഇപ്പോള്‍ എല്ലാവരും എല്ലാം ചെയ്യുന്നുണ്ടല്ലോ. അടുത്ത കാലത്ത് ബാറ്റായുടെ ഷോറൂമില്‍ ചെന്നപ്പോള്‍ ഒരു നല്ല നമ്പൂതിരിയാണ് ഇരിക്കുന്നത്. പുള്ളിയോട് ചോദിച്ചപ്പോള്‍ പറഞ്ഞു വേദം ഒന്നും പഠിച്ചിട്ടില്ല എന്ന്. ഉച്ചയാകുമ്പോള്‍ ഒരു ഒന്നര കോഴിയെ തിന്നും എന്ന് പറഞ്ഞു. ചെരുപ്പ്കുത്തിയുടെ തൊഴിലാണ് ചെയ്യുന്നത്. ഇത് നിവൃത്തിയില്ലെങ്കില്‍ എല്ലാവരും ചെയ്യുന്ന തൊഴിലാണ് അങ്ങോട്ടും ഇങ്ങോട്ടും. നിവൃത്തി ഉണ്ടെങ്കില്‍ ആണ് വര്‍ണ്ണത്തിന്റെ അഭിമാനവും ഒക്കെ. അല്ലെങ്കില്‍ വര്‍ണ്ണത്തിന്റെ അഭിമാനമൊന്നും ഇല്ല. ഓതിക്കുന്നോന്‍മാര്‍ കൂടുന്നിടത്ത്‌ ഇവന്‍ ചെന്നാലൊട്ടു കൂട്ടത്തുമില്ല. അത് അതിനകത്തെ സമ്പന്നരും അതിനകത്തെ ഉന്നതരും ഒക്കെയേ കൂടുകയുള്ളൂ. അതുകൊണ്ട് വിവേചനമെന്നു പറയുന്നത് വ്യവസായികവും ധനപരവുമാണ്. നിങ്ങള്‍ ഏതു ജാതിയില്‍ ആയിക്കോട്ടെ, ഏതു മതത്തില്‍ ആയിക്കോട്ടെ നിങ്ങള്‍ക്ക് ആ മതത്തില്‍ തന്നെയുള്ള സമ്പന്നരുടെ കൂടെ സ്ഥാനമുണ്ടോ? ചോദ്യം മനസ്സിലായില്ല?! ഒരു കല്യാണമൊക്കെ നടക്കുമ്പോള്‍ നിങ്ങളില്‍ ഒരാള്‍ അവിടെ കയറി ചെന്ന് പാവപ്പെട്ടവനാണെങ്കില്‍ ആദ്യം കയറിയിരുന്നാല്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു വേറൊരിടത്തു കൊണ്ട് ഇരുത്തുമോ? അതിനു വിപരീതമായ മതത്തില്‍ പെട്ട ഒരുത്തനെ, സാമ്പത്തികമൊക്കെയുള്ളവനാണ് വന്നിരിക്കുന്നതെന്ന് അറിഞ്ഞാല്‍, സ്വീകരിച്ച് ആനയിച്ചു കൊണ്ടിരുത്തുമോ? അതുകൊണ്ട് അതിലൊന്നും വലിയ കാര്യമൊന്നുമില്ല. അതൊക്കെ വെറുതേ കള്ളക്കഥകളാണ്. ലോകത്തെന്നും സ്ഥാനമാനങ്ങളുടെ പൊരുള് വേറെയാണ്.

ചോദ്യം : പാശ്ചാത്യസംസ്കൃതിയുടെ സ്വാധീനത്തില്‍ ഉടലെടുത്ത ഉപഭോഗവസ്തുക്കളോടുള്ള കൌതുകത്വരയെ എങ്ങനെ കൌതുകബന്ധനം ആക്കാം?

കൌതുകബന്ധനം എന്ന് പറയുന്നത് രക്ഷാബന്ധനം ആണ് അവിടെ. ഇവിടെയുള്ളത് കൌതുകബന്ധനം ആണ്. അതിനു കാരണം നിങ്ങളുടെ ദുരാശയാണ്, പാശ്ചാത്യസംസ്കൃതിയുടെ സ്വാധീനത്തില്‍ നിന്നല്ല. ഞാന്‍ 10 പാപങ്ങള്‍ പറഞ്ഞതില്‍ 4 വാചിക പാപങ്ങള്‍ കഴിഞ്ഞ്, അന്യന് ആപത്തു വരണമെന്ന ആഗ്രഹം, ദുരാശ, ദൃക് വിപര്യയം എന്നിങ്ങനെ മൂന്നെണ്ണം ഉണ്ട്. അതിലെ ദുരാശയാണ് അതിനു കാരണം. നിങ്ങളുടെ കൈയ്യില്‍ redit card ഉണ്ട്, debit card ഉണ്ട് നിങ്ങള്‍ ഒരു വലിയ സൂപ്പര്‍ മാര്‍ക്കെറ്റില്‍ ചെന്നാല്‍ അവിടെ സാധനവും നിരത്തി വച്ചിട്ടുണ്ട്. ആവശ്യം ഇല്ലാത്തതൊക്കെ വാങ്ങും. ആവശ്യമുള്ളത് മറന്നു പോകും. വീട്ടീന്ന് ഭാര്യ ഒരു കുറിപ്പ് അത്യാവശ്യത്തിനു കീശയില്‍ വച്ചു, ഭര്‍ത്താവ് കീശയില്‍ വച്ചു, മകന്‍ കീശയില്‍ , വച്ചു, അവിടെ ചെന്നു. കീശയിലെ കടലാസ് അവിടെ ഇരുന്നു പോയി. വാരി എല്ലാം കൂടെ എടുത്തു പ്ലാസ്റ്റിക്‌ കുട്ടയിലാക്കി, വലിയ പ്ലാസ്റ്റിക്‌ കുട്ടയിലാക്കി വണ്ടിയില്‍ കയറ്റി വീട്ടില്‍ വന്നു കഴിഞ്ഞാണ് ഭാര്യ പറഞ്ഞത്:

“ഉച്ചത്തെയ്ക്കുള്ള കഞ്ഞിക്കു കറിക്കുള്ളതോന്നും വാങ്ങിച്ചിട്ടില്ല”
“പിന്നെ നീയെന്തു നോക്കിയിരിക്കുവായിരുന്നു?”
“ഓ, നിങ്ങള്‍ അത്ര കേമം പറയേണ്ട, നിങ്ങളുടെ കടലാസോ? അത് നിങ്ങള്‍ എടുത്തു കണ്ടില്ലല്ലോ?”
“ഓ അപ്പോഴാ ഞാന്‍ ഓര്‍ത്തതു.”
“ആ… ഇനി എന്താ ചെയ്യുക?”
“പോയി ഹോട്ടലീന്നു ചോറ് ഉണ്ണാം”

ഏതാണ്ട് ഇങ്ങനെയാണ് ഇന്ന് പോക്ക്.

ഇത് ദുരാശയാണ് കാരണം. ഇത് കുട്ടികളെയൊക്കെ വേണ്ടാത്തത് മേടിപ്പിച്ചു ശീലിപ്പിക്കുന്നത് കൊണ്ടാണ്. ഒരു കുഞ്ഞിനെ കൊണ്ട് പോകുമ്പോള്‍, അത് ആവശ്യമില്ലാത്ത സാധനം ആവശ്യപ്പെട്ടാല്‍ പറഞ്ഞു മനസ്സിലാക്കണം – “കുഞ്ഞേ അത് ആവശ്യമുള്ളതല്ല” അതിന് ആദ്യം നിങ്ങള്‍ മാതൃകയായി ആവശ്യമില്ലാത്ത ഒരു സാധനം വാങ്ങരുത്. ഒന്ന് അടുക്കളയില് cateringന്‍റെയും ഹോട്ടല്‍കാരുടെയും മറ്റും പാചകപുസ്തകങ്ങളും ഒക്കെ നോക്കി പാചകം, ആവശ്യമില്ലാത്ത ഭക്ഷണം, എണ്ണമറ്റ ടിന്‍ ഫുഡ്‌കള്‍, ആവശ്യമില്ലാത്ത ബേക്കറി സാധനങ്ങള്‍ എന്തു മാത്രമാണ്? അതില്‍ ഏറ്റവും അപകടകരമായ ഒരു സാധനമാണ് tapioca chips, പിന്നെ potato chips. ഇത് നേരെയങ്ങ് ചെന്നാല്‍ പാന്‍ക്രിയാസ് അടിച്ചു പോകും. കാരണം കപ്പ വാട്ടി ഊറ്റിയല്ലാതെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ പാന്‍ക്രിയാസ്നെ ബാധിക്കും. Tropical climate ല്‍ ഏറ്റവും അപകടകാരിയായ ഒരു സാധനമാണ് കപ്പ. നിങ്ങള്‍ ഇന്നത്‌ പുഴുങ്ങുന്നത് പ്രഷര്‍ കുക്കറില്‍ ആണ്. മുന്‍പ് തിളപ്പിച്ച് ഊറ്റിയിരുന്നതാണ് നിങ്ങളുടെ തള്ളയും തന്തയും ഒക്കെ. അത് പച്ചയ്ക്ക് അരിഞ്ഞു വറക്കുകയാണ്, അതിന്‍റെ കട്ട് കളയാതെ. അതാണ്‌ വാരിയടിക്കുന്നത്. എന്നിട്ട് വയറ്റിവേദനഎന്ന് പറഞ്ഞു കുഞ്ഞിനേയും കൊണ്ട് ചെല്ലുമ്പോഴാണ് Pancreatitis- പാന്‍ക്രിയാസിന്‍റെ tail-ല്‍ ഒരു നീര്‍ക്കെട്ട്. പിന്നെയിത് കാന്‍സര്‍ ഒക്കെ ആയി വരികയാണ്. ഇത്തരം ഭക്ഷണങ്ങളും ദുരാശകളും അവസാനിപ്പിക്കുക.

ചോദ്യം : ഈ അടുത്ത കാലത്ത് കേരളത്തിലെ സുപ്രസിദ്ധനായ ഒരു സ്വാമിജി ഇങ്ങനെ പറയുകയുണ്ടായി. മഹാഭാരതം കഥ ഒന്നും നടന്നതല്ല. ധര്‍മ്മയുദ്ധം നടക്കുന്നത് മനുഷ്യമനസ്സുകളിലാണ്. മഹാഭാരതം ഒരു കല്പിത കഥയാണ്‌. അങ്ങ് പറഞ്ഞു ഇത് ചരിത്രമാണ്, കല്പനയല്ല എന്ന്.

കെണിഞ്ഞു.. അല്ലേ? സ്വാമിമാരെ തമ്മിലടിപ്പിക്കാനുള്ള പണിയാണ്… അത് വേണോ? എന്നാലും നിങ്ങള്‍ ചോദിച്ചതല്ലേ? എനിക്ക് തോന്നുന്നത് ഭഗവദ് ഗീത എന്ന സങ്കല്പത്തെ വച്ചു യുദ്ധം മനസ്സിന്‍റെയാണ് എന്ന് അദ്ദേഹം പറഞ്ഞത് വാക്കൊന്ന് പിശകി കെണിഞ്ഞതാണ് എന്നാണ്. പിന്നെയത് പത്രക്കാരും ബാക്കി നാടുകാരും ഒക്കെ ഏറ്റെടുത്തപ്പോള്‍ ഒരല്പം കടന്നു പോയി എന്നുള്ളതാണ്. വാശി ഉപേക്ഷിക്കാനും പറ്റില്ല. വന്നു പോയി എന്നാണ് ഞാനും വിചാരിക്കുന്നത്. എന്തായാലും കല്പിതമായ ഒന്നിന് സ്മാരകങ്ങള്‍ ഉണ്ടാവില്ല. കൃഷ്ണന്‍റെ അമ്പലം ഉണ്ട്, കൃഷ്ണന്‍ ഇല്ല! ഇല്ലെന്നു അദ്ദേഹം പറഞ്ഞിട്ടുമില്ല. കൃഷ്ണനുണ്ട് മഹാഭാരതം നടന്നിട്ടില്ല. മഹാഭാരതത്തില്‍ ഇല്ലാത്ത കൃഷ്ണന്‍ ഏതു കൃഷ്ണനാ?

കൃഷ്ണന്‍ ഉണ്ടെന്നല്ലാ ഇന്നും ഉണ്ട്. കാരണം ഇന്ത്യന്‍ മനസ്സുകളില്‍ വളരെ സജീവമായി നില്‍ക്കുന്ന ഒരു ജീവല്‍പാത്രമാണ് കൃഷ്ണന്‍. അത് ഒരു കാലത്തും ജീവിച്ചിരുന്നില്ല എന്ന് പറയാന്‍ പറ്റില്ല.

ഇനി നമുക്ക് ഒരു രണ്ടാം ഘട്ട അന്വേഷണം വേറെ നടത്താം. കൃഷ്ണന്‍ ജീവിച്ചിരുന്നിട്ടില്ല, മഹാഭാരതം നടന്നിട്ടില്ല, ഇത്രയും പേരുടെ പേരുകള്‍ സഹിതം വ്യാസന്‍ അന്ന് കല്പനയില്‍ എഴുതിയതാണ്. ശരിയാണ്. വ്യാസന്‍ ഉണ്ടല്ലോ? ഇല്ലേ? ഇത് എഴുതണമെങ്കില്‍ വ്യാസന്‍ ഉണ്ടാകണമല്ലോ? വേണ്ടേ? ആ കഥയില്‍ അദ്ദേഹവും ഒരു കഥാപാത്രമാണ്. ഈ മഹാഭാരതത്തിലെ പാണ്ഡവകൌരവന്മാരുടെ പിതാക്കന്മാര്‍ അദ്ദേഹത്തിന്‍റെ പുത്രന്മാരാണ്. ആത്മകഥയാണ്‌ അദ്ദേഹം എഴുതിയത്. അതെങ്ങനെ നിഷേധിക്കും?എഴുതിയ വ്യക്തിയുണ്ട്‌, അദ്ദേഹം ആണയിട്ടു തന്‍റെ കഥയെഴുതുന്നു എന്ന് പറഞ്ഞിട്ട് അദ്ദേഹം ഇല്ല എന്ന് പറഞ്ഞിട്ടുമില്ല കഥയില്ലാ എന്ന് പറഞ്ഞാലത്തെ കഥയില്ലായ്മ ഒന്ന് ആലോചിച്ചു നോക്കിക്കേ. ആകെ കുഴഞ്ഞോ? ചോദ്യകര്‍ത്താക്കാന്‍മാര്‍ക്ക് മനസ്സിലാകുന്നുണ്ടോ എന്നറിയില്ല. ഇതാണ് ഒരു പ്രശ്നം.

തീര്‍ന്നില്ല. വ്യാസനും മഹാഭാരതവും അല്ലാതെ ഈ കഥ സംഭവിക്കാന്‍ പോകുന്നു എന്ന് യോഗവാസിഷ്ടത്തില്‍ അര്‍ജുനോപാഖ്യാനത്തില്‍ വസിഷ്ഠന്‍ രാമനോട് പറയുന്നതായി വാല്മീകി രചിച്ചിട്ടുണ്ട്.
*****************************************************

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s